രാജപ്രതാപം വിടാതെ കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടി
Wednesday, February 17, 2010
മാള
അഞ്ചല്‍പ്പെട്ടിയും അഞ്ചലോട്ടക്കാരനും നാട്ടുകാരുടെ ഓര്‍മയില്‍ നിന്നും മാഞ്ഞെങ്കിലും ഇന്നും രാജപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണു പുത്തന്‍ച്ചിറ കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടി. രാജഭരണ കാലത്ത് ഇന്നത്തെ പോസ്റ്റ് ബോക്സുകളു ടെ സ്ഥാനത്ത് അഞ്ചല്‍പ്പെട്ടികളായിരുന്നു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്‍റെ ഭാഗ മായിരുന്ന പുത്തന്‍ച്ചിറയില്‍ കത്തിടപാടുകള്‍ക്കായി സ്ഥാപിച്ചതാണ് ഈ അഞ്ചല്‍പ്പെട്ടി.
പെട്ടിയില്‍ നിക്ഷേപിക്കുന്ന കത്തുകള്‍ അഞ്ചല്‍ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചതിനു ശേഷം അഞ്ചലോട്ടക്കാരന്‍ വഴിയാണു വിലാസ ക്കാര്‍ക്ക് എത്തിച്ചിരുന്നത്. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായാണ് അഞ്ചലോട്ടക്കാര്‍ സഞ്ചരിച്ചിരുന്നത്. അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നതു വലിയകുറ്റമായാണ് അക്കാലത്തു കരുതിയിരുന്നതെന്നു പഴമക്കാര്‍ പറയുന്നു. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കില്‍ തീര്‍ ത്ത അഞ്ചല്‍പ്പെട്ടിയാണു കരിങ്ങാച്ചിറയിലേത്. ഇതിനു മുകളിലായി തിരുവിതാംകൂറിന്‍റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്.
ആധുനിക പോസ്റ്റ്ഓഫിസുകളുടെ വരവോടെ അഞ്ചല്‍പ്പെട്ടികള്‍ ഉപയോഗിക്കാതായി. കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടിയും പരിസര വും ഇപ്പോള്‍ കാടുകയറിക്കിടക്കു ന്നു. രാജഭരണത്തിന്‍റെ അപൂര്‍വം ചില ശേഷിപ്പുകളിലൊന്നായ അഞ്ചല്‍പ്പെട്ടി സംരക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല. അഞ്ചല്‍പ്പെട്ടിയും പരിസരവും സംരക്ഷിത സ്മാരകമാക്കണമെന്നു നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നും ആയിട്ടില്ല.
0 comments:
Post a Comment