my selected articles on metro vartha daily
കൗതുകക്കാഴ്ചകളുമായി സമ്പാളൂര്‍ ചരിത്ര മ്യൂസിയം
പി.കെ.മധു
കൗതുകക്കാഴ്ചകളുമായി സമ്പാളൂര്‍ ചരിത്ര മ്യൂസിയം
പി.കെ.മധു
Saturday, February 06, 2010
സമ്പന്നമായ ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്കും വിശ്വാസികള്‍ക്കുമായി കാത്തുസൂക്ഷിക്കുകയാണു സമ്പാളൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ ചരിത്ര മ്യൂസിയം. 1662ല്‍ സ്ഥാപിച്ച സമ്പാളൂര്‍ തീര്‍ഥാടന കേന്ദ്രം കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ്.
വിശുദ്ധ പൗലോസിന്‍റെ നാട് എന്ന് അര്‍ഥം വരുന്ന സെന്‍റ് പാവുള്‍സ് ഊര്‍ ലോപിച്ചാണ് സമ്പാളൂര്‍ എന്ന സ്ഥലനാമം രൂപപ്പെട്ടത്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍, ജോണ്‍ ബ്രിട്ടോ തുടങ്ങിയവര്‍ സമ്പാളൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അര്‍ണോസ് പാതിരി വൈദികപട്ടം സ്വീകരിച്ചതും തമിഴ് എഴുത്തച്ഛന്‍ എന്നറിയപ്പെടുന്ന ജോസഫ് കോണ്‍സ്റ്റന്‍റയിന്‍ ബസ്കി അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെയാണ്.
16ാം നൂറ്റാണ്ടില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അച്ചുകൂടങ്ങളിലൊന്നായിരുന്ന സെന്‍റ് പോള്‍ മുദ്രണാലയം നിലനിന്നിരുന്ന സമ്പാളൂരിന്‍റെ പ്രൗഢി അസ്തമിക്കുന്നതു ടിപ്പു സുല്‍ത്താന്‍റെ ആക്രമണത്തിലാണ്. ടിപ്പുവിന്‍റെ പടയാളികള്‍ സമ്പാളൂരിലെ പള്ളിയും അച്ചുകുടവും സെമിനാരിയും തകര്‍ത്തു. ഇതോടെ ഈശോ സഭക്കാര്‍ സമ്പാളൂര്‍ വിട്ടുപോയി.
ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ വിശുദ്ധ പാരമ്പര്യം പിന്നീടു പതുക്കെ ഓര്‍മയായി. 2007ലാണ് പള്ളിയോടു ചേര്‍ന്ന അര്‍ണോസ് പാതിരി സ്മാരക ഹാള്‍ ചരിത്ര മ്യൂസിയമാക്കിയത്. ഇതോടെ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന താളിയോലകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങളും സാധാരണക്കാര്‍ക്കും കാണാന്‍ അവസരമായി.
പള്ളിയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഉത്ഖനനം ചെയ്തപ്പോള്‍ ലഭിച്ച ആയുധങ്ങള്‍, വിവിധതരം പാത്രങ്ങള്‍, 1862ല്‍ ഉപയോഗിച്ചിരുന്ന മാമ്മോദീസ തൊട്ടി, 18ാം നൂറ്റാണ്ടില്‍ പള്ളിയില്‍ ഉപയോഗിച്ചിരുന്ന കുരിശ്, 17ാം നൂറ്റാണ്ടിലെ ഓടുകള്‍, പഴയ പള്ളിയില്‍ തിരുകര്‍മങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഉപകരണങ്ങളും, സെന്‍റ് പോള്‍സ് സെമിനാരിയുടെ അവിശിഷ്ടങ്ങള്‍, ജസ്യൂട്ട് പാതിരിമാര്‍ ഉപയോഗിച്ചിരുന്ന അംഗ വസ്ത്രങ്ങള്‍, 1862ലെ പള്ളിയുടെ അള്‍ത്താരയുടെ ഭാഗങ്ങള്‍, ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരുടെ പരമ്പരാഗത വേഷവിധാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവ മ്യൂസിയത്തിലുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നുപോലും കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രവും തമിഴ്, സംസ്കൃത മലയാള സാഹിത്യ ചരിത്രവും തേടി നിരവധിപേര്‍ എത്തിത്തുടങ്ങിയതോടെ 2009ല്‍ സമ്പാളൂര്‍ തീര്‍ഥാടന കേന്ദ്രത്തെ കേരള ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടിപ്പു സുല്‍ത്താന്‍റെ ആക്രമണകാലത്തു ചരിത്ര പ്രാധാന്യമുള്ള ഏറെ വസ്തുക്കള്‍ സമീപത്തെ മണിക്കിണറില്‍ നിക്ഷേപിച്ചതായി ചരിത്ര പണ്ഡിതമാര്‍ അഭിപ്രായപ്പെടുന്നു. ഉത്ഖനനം നടത്തി ഇവ കണ്ടെത്താനുള്ള ശ്രമവും വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സമ്പാളൂരിലെത്തിയ മാരാംകുഴിതോടിന്‍റെ കടവ് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നതായി പള്ളി വികാരി ഫാ. ജോഷി മുട്ടിയ്ക്കല്‍ പറയുന്നു. ഇതുകൂടി ലഭിച്ചാല്‍ കേരളത്തിലെ ചരിത്രമ്യൂസിയങ്ങളിലെ പ്രഥമ സ്ഥാനങ്ങളിലൊന്നു സമ്പാളൂരിനാകും എന്നാണു പ്രതീക്ഷ.
0 comments:
Post a Comment