കുട്ടാടം പാടത്ത് കൃഷി അകലുന്നു
Thursday, February 18, 2010
മാള മേഖലയിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ വൈന്തല കുട്ടാടം പാടം മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള മണ്ണെടുപ്പു മൂലം കൃഷി യോഗ്യമല്ലാതാകു ന്നു. 700ഏക്കറോളം വരുന്ന പാടശേഖരത്തിലാണു മണ്ണെടുപ്പു മൂലം നെല്‍ക്കൃഷി ഇല്ലാതാകുന്നത്.
പാടശേഖരത്തിന്‍റെ സിംഹഭാഗവും പ്രദേശത്തെ രണ്ട് ഓട്ടുകമ്പനികള്‍ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. ഈ ഭൂമിയില്‍ നിന്ന്‍ ഒമ്പത് അടിയോളം താഴ്ത്തിയാണു മണ്ണെടുത്തിട്ടുള്ളത്. അഞ്ച് അടി താഴ്ചയില്‍ മാത്രം മണ്ണെടുക്കാന്‍ സര്‍ക്കാര്‍ അനുമതിയുള്ളപ്പോഴാണു മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒമ്പത് അടി താഴ്ചയില്‍ മണ്ണെടുത്തത്.
മണ്ണെടുത്ത കുഴികള്‍ യഥാവിധി നികത്തണമെന്നും സര്‍ക്കാര്‍ നിദ്ദേശമുണ്ട്. ഇതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാ തെ മണ്ണെടുപ്പു നടന്നതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ആര്‍ഡിഒ സ്റ്റോപ്പ് മെമ്മോ നല്‍കി മണ്ണെടുപ്പു നിരോധിച്ചിട്ടുണ്ട്.
എന്നാല്‍ മണ്ണെടുപ്പിനു വീണ്ടും അനുമതി ലഭിക്കുന്നതിനായി മൂന്നു പൂവും കൃഷി ചെയ്തിരുന്ന ഭൂമി തരിശിട്ടിരിക്കുകയാണ്. കൃഷി യോഗ്യമായ സ്ഥലമല്ലെന്നു വരുത്തി തീര്‍ത്തു വീണ്ടും കളിമണ്‍ ഖനനത്തിനുള്ള അനുമതി റവന്യു വകുപ്പില്‍ നിന്നു സമ്പാദിക്കുന്നതിനാണ് ഇതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
പാടശേഖരത്തില്‍ കൃഷി ചെയ്യാതായതോടെ വൈന്തല മേഖലയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. കുട്ടാടം പാടം കൃഷിയോഗ്യമല്ലാത്ത ഭൂമിയാണെന്ന പ്രചാരണം ശക്തമായതോടെ വൈന്തല നെയ്തല്‍ പുരുഷഗണത്തിന്‍റെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു കൃഷിയിറക്കിയിട്ടുണ്ട്. കീടബാധകളൊന്നുമില്ലാതെ വളര്‍ന്ന നെല്‍ച്ചെടികള്‍ മികച്ച വിളവു നല്‍കുമെന്ന പ്രതീക്ഷയിലാണു നെയ്തല്‍ ഭാരവാഹികള്‍.
ഓട്ടുകമ്പനി ഉടമകളുടെ പ്രചരണത്തിനെതിരേ പ്രതിഷേധമായി ആരംഭിച്ച കൃഷിയില്‍ നിന്നു മികച്ച ലാഭം ലഭിക്കുമെന്നും ഇതുവഴി വരും വര്‍ഷങ്ങളില്‍ നിലം ലഭിക്കുന്ന മുറയ്ക്കു കൃഷി വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
തവളക്കണ്ണന്‍, ഓണട്ടന്‍, ചീര, ചെമ്പാവ്, മുത്തിച്ചെമ്പാവ്, കെഴങ്ങന്‍ പൂക്കുല തുട ങ്ങിയ പരമ്പരാഗത വിത്തിന ങ്ങള്‍ ഉപയോഗിച്ച് അടുത്തകാലം വരെ നൂറുമേനി വിളവു കൊയ്തിരുന്ന കുട്ടാടം പാടത്തെ സംരക്ഷിക്കണമെന്നു കേരള സ്റ്റേറ്റ് കര്‍ഷക ത്തൊഴിലാളി യൂണിയന്‍ വൈന്തല യൂനിറ്റ് ആവശ്യപ്പെട്ടു. ഇതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഭാരവാഹികള്‍ ആ വശ്യപ്പെട്ടു
0 comments:
Post a Comment