Tuesday, February 16, 2010

അറിയൂ, പഴൂക്കരയിലെ പദ്മശ്രീ

Buzz It

Monday, February 15, 2010
പി.കെ.മധു
പോനിശേരില്‍ സോമസുന്ദരന്‍. 2010 ല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗത്തിലെ പദ്മശ്രീ ജേതാവ്. പേരിലൊരു മലയാളിത്തം തോന്നിയപ്പോള്‍ ഇതാരെന്ന് അറിയാന്‍ കൗതുകമായി. സംശയിച്ചപോലെതന്നെ, ആള്‍ മലയാളി. തൃശൂരാണു സ്വദേശം. ഇത്രയും അറിഞ്ഞപ്പോള്‍ വീടു കണ്ടെത്താനുള്ള അന്വേഷണമായി. യാത്ര നിലച്ചത് മാളയ്ക്കടുത്തു പഴൂക്കര എന്ന ഗ്രാമത്തില്‍. വഴിയില്‍ കണ്ടവരോടെല്ലാം തിരക്കി, പദ്മശ്രീ പുരസ്കാര ജേതാവിന്‍റെ വീടേതെന്ന്. അങ്ങനെ ഒരു വീട് ആ ഗ്രാമ ത്തിലുണ്ടെന്ന് അവിടെയാര്‍ക്കും അറിയി ല്ല. ഡോ. പോനിശേരി സോമസുന്ദരനെന്നയാളെ അറിയാമോ എന്ന ചോദ്യത്തിനും മറുപടിയില്ല. പോനിശേരില്‍ കുമാരപിള്ള എന്നയാളുടെ വീടു കാണിച്ചു തന്ന് വഴികാട്ടികള്‍ പിരിഞ്ഞു. പൂമുഖത്തുണ്ടായിരുന്ന സ്ത്രീയോട് അല്‍പ്പം മടിയോടെ, സോമസുന്ദരനെക്കുറിച്ച് അന്വേഷിച്ചു. വഴിതെറ്റിയിട്ടില്ല, പദ്മശ്രീ ജേതാവ് പോനിശേരില്‍ സോമ സുന്ദരന്‍റെ വീട് ഇതു തന്നെയെന്നു മറുപ ടി. അത്ഭുതപ്പെട്ടു, രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഒരാള്‍ സ്വന്തം ഗ്രാമത്തില്‍ അപരിചിതനോ?
എം.ജി. കുമാരപിള്ളയുടെ മകന്‍ എന്നതിലപ്പുറം സോമസുന്ദരനെ ഇന്നാട്ടുകാര്‍ക്കു പരിചയവുമില്ല. അഷ്ടമിച്ചിറ സ്കൂളിലും ആലുവ യുസി കോളെജിലും എറണാകുളം മഹാരാജാസ് കോളെജിലും പഠിച്ച് പദ്മശ്രീ നേടിയ ഒരു മലയാളിയെ ജന്മനാടിന് അറിയില്ലെന്നു പറഞ്ഞാല്‍ അതിലും വലിയ വേദന വേറെയെന്ത് ?
പഴൂക്കര പോനിശേരില്‍ വീട്ടില്‍ എം.ജി. കുമാരപിള്ള സ്വാതന്ത്ര്യ സമരസേനാനിയാ ണ്. ഭാര്യ കെ.പി. ലക്ഷ്മിക്കുട്ടിയമ്മ അധ്യാപിക. ഇവരുടെ മകനാണ് സോമസുന്ദരന്‍. കുമാരപിള്ളയും ലക്ഷ്മിക്കുട്ടിയമ്മയും നേരത്തെ ഈ ലോകം വിട്ടു പോയി.
പഴൂക്കര നായര്‍ സമാജം എല്‍പി സ്കൂള്‍, അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആലുവ യുസി കോളെജില്‍ നിന്നു പ്രീഡിഗ്രി. എറണാകുളം മഹാരാജാസില്‍ ബിരുദ പഠനം. ബിരുദാനന്തര ബിരുദത്തിനായി പിന്നീടു പൂനെയിലേക്കു പോയി. അമ്മാവന്‍ ശങ്കരന്‍കുട്ടി മേനോനൊപ്പമായിരുന്നു അവിടെ താമസം. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവില്‍ നിന്ന് ആദ്യ പുരസ്കാരം ലഭിച്ചു, പഠന മികവി ന്. 2500 രൂപയായിരുന്നു സമ്മാനം. അക്കാഡമിക് മികവിന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയത് അയ്യായിരം രൂപ ഉള്‍പ്പെടുന്ന പുരസ്കാരം.
ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിലേക്കു പോയ സോമസുന്ദരന്‍, 1961ല്‍ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് എംഎസ്, പിഎച്ച്ഡി, ബിരുദാനന്ത ര ബിരുദങ്ങള്‍ കരസ്ഥമാക്കി.
കൊളംബിയ യൂനിവേഴ്സിറ്റിയിലെ സ്കൂള്‍ ഒഫ് എന്‍ജിനിയറിങ് ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ പ്രൊഫസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. ലംഗ്മ്യുയിര്‍ സെന്‍റര്‍ ഫോര്‍ കൊളോ യ്ഡ്സ് ആന്‍ഡ് ഇന്‍റര്‍ഫേസസിന്‍റെ ആദ്യ ഡയറക്റ്ററായി നിയമനം ലഭിച്ചതോടെ ശാസ്ത്രലോകത്ത് അറിയപ്പെട്ടു തുടങ്ങി. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍റെ സ്ഥാപക ഡയറക്റ്റര്‍, കൊളംബിയ യൂനിവേഴ്സിറ്റിയിലെ ഹെന്‍റി ക്രംബ് സ്കൂളില്‍ കെമിക്കല്‍ ആന്‍ഡ് മിനറല്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി, ചൈനയിലെ ബീജി ങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആന്‍ഡ് മെറ്റലര്‍ജിയില്‍ റിസര്‍ച്ച് അഡ്വൈസര്‍, ചൈനീസ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ഓണററി പ്രൊഫസര്‍... ആഗോള ശാസ്ത്ര സമൂഹം പല രീതിയില്‍ അംഗീകരിച്ചു പ്രൊഫസര്‍ സോമസുന്ദരനെ. ആന്‍റണ്‍ എം. ഗൈഡിന്‍ അവാര്‍ഡ്, ആര്‍തര്‍.എഫ്. ടഗാര്‍ട്ട് അവാര്‍ഡ്, പ്രസിഡന്‍റ് ജോര്‍ജ് ബുഷ് സീനിയറില്‍ നിന്ന് എല്ലിസ് ഐലന്‍ഡ് മെഡല്‍ ഒഫ് ഓണര്‍ തുടങ്ങിയ പുരസ്കാരങ്ങളും അതിനുള്ള തെളിവുകള്‍.
പതിനഞ്ചോളം പുസ്തകങ്ങളെഴുതി. നാനൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ തയാറാക്കി. മാള പഞ്ചായത്തിലെ പോനിശേരില്‍ തറവാടിന്‍റെ പേര് സോമസുന്ദര നിലൂടെ ലോകം മുഴുവന്‍ കേട്ടു.
ഭാര്യ ഉഷയ്ക്കും മകള്‍ താമരയ്ക്കുമൊ പ്പം അമേരിക്കയില്‍ താമസമാക്കിയ സോമ സുന്ദരന്‍ എല്ലാ വര്‍ഷവും നാട്ടിലെത്താറു ണ്ട്. അമ്മാവന്‍ ശങ്കരന്‍കുട്ടി മേനോന്‍റെ യും അമ്മായി സരോജിനിയമ്മയുടെയും ഒപ്പം കുറച്ചു ദിവസം താമസിക്കും.
ജനുവരി അഞ്ചിനു സോമസുന്ദരന്‍ നാട്ടിലെത്തി മടങ്ങിയ ശേഷമാണ് പദ്മശ്രീ പ്രഖ്യാപിച്ചത്. അടുത്തമാസം വീണ്ടും നാട്ടിലെത്തുമ്പോള്‍ പഴൂക്കര നിവാസികള്‍ സോമസുന്ദരന് സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ്. പഴൂക്കര എന്‍എസ്എല്‍പി സ്കൂള്‍, അഷ്ടമിച്ചിറ ഗാന്ധിസ്മാരക സ്കൂള്‍, ചാലക്കുടി സികെഎം എന്‍എസ്എസ് സ്കൂള്‍, പോട്ട വ്യാസ വിദ്യാനികേതന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ വിതര ണം ചെയ്യുന്ന സ്കോളര്‍ഷിപ്പ് വാങ്ങിയവര്‍ക്കു പോലും ഇതുവരെ അറിയില്ലായിരുന്നു, പദ്മശ്രീ ജേതാവിന്‍റെ പേരിലുള്ള സ്കോളര്‍ഷിപ്പാണു സ്വീകരിച്ചതെന്ന്. കഴിഞ്ഞതൊക്കെക്കഴിഞ്ഞു ആ പ്രതിഭയെ സ്വീകരിക്കാന്‍ തന്നെയാണു നാടിന്‍റെ തീരുമാനം.

0 comments:

കുട്ടാടന്‍പാടം

വിത്തെറിഞ്ഞു
കളപിഴുത്
വിയര്‍പ്പാറ്റിയെടുത്ത
പാടവരമ്പിലൂടെ
ദേശാന്തരങ്ങളിലേക്ക്
അടിമകളായി
നടന്നു പോയ
എന്‍റെ പൂര്‍വ്വികരുടെ
ചരിത്രം

വചനങ്ങള്‍

"കപടസദാചാരത്തിന്റെ സിഫിലിസ് പിടിച്ചു കാല്‍ അകത്തി കവച്ചു നില്‍ക്കുന്ന ഇന്ത്യന്‍ സദാചാരത്തിന്റെ അടിയില്‍ കിടന്നു ഞാന്‍ മേലോട്ട് നോക്കിയിട്ടുണ്ടോ? നോക്കിയിട്ടുമുണ്ട്, കാര്‍ക്കിച്ചു തുപ്പിയിട്ടുമുണ്ട്." -എന്‍ .എന്‍ . പിള്ള ( 'ഞാന്‍' എന്ന ആത്മകഥയില്‍ നിന്ന്)
നന്ദി സുഹൃത്തേ, ഇതുവഴി വന്നതിന്...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP