മാരാങ്കുഴി പായ്ക്കപ്പല്‍ ജലപാത അവഗണനയില്‍
Sunday, March 14, 2010
മാരാങ്കുഴി പായ്ക്കപ്പല്‍ ജലപാത അവഗണനയില്‍. കാടുകുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പു കപ്പല്‍ച്ചാലായിരുന്ന മാരാങ്കുഴിത്തോട്. ക്രൈസ്തവസഭയുടെ വിശുദ്ധരില്‍ പ്രമുഖനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ വചന പ്രഘോഷണത്തിന് എത്തിയത് ഈ കപ്പല്‍ച്ചാലിലൂടെയാണെന്നു വിശ്വാസം.
പെരിയാറും ചാലക്കുടി പുഴയും ഒത്തുചേര്‍ന്നുണ്ടായ പായ്ക്കപ്പല്‍ ജലപാത കൊച്ചി- കൊടുങ്ങല്ലൂര്‍ തുറമുഖത്തു നിന്നു സാമ്പളൂരിലെ മാരാങ്കുഴിയിലാണ് അവസാനിച്ചിരുന്നത്. പുഴയിലൂടെ സഞ്ചരിച്ചിരുന്ന ചെറിയ പായ്ക്കപ്പലുകള്‍ പുഴയോടു ചേര്‍ന്നുള്ള വില്ലന്‍തോട് വഴിയാണു പടിഞ്ഞാറു ഭാഗത്തുള്ള മാരാങ്കുഴിയില്‍ പ്രവേശിച്ചിരുന്നത്. ഇവിടെ നിന്നു പായ്ക്കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
കപ്പലുകളില്‍ നിന്നു കരയിലേക്ക് ഇറങ്ങാനുള്ള പടവുകള്‍ ഇന്നും ഇവിടെ ശേഷിക്കുന്നുണ്ട്. 1542 സെപ്റ്റംബറില്‍ ഗോവയില്‍ നിന്നു കന്യാകുമാരിയിലേയ്ക്കുള്ള യാത്രക്കിടയില്‍ കാലാവസ്ഥ മോശമായതിനാല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സഞ്ചരിച്ച കപ്പല്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തു നങ്കുരമിടുകയും ചെറിയ പായ്ക്കപ്പലില്‍ ചാലക്കുടിപ്പുഴയിലൂടെ ഉള്‍പ്രദേശങ്ങളിലേക്കു സഞ്ചരിച്ചു മാരാങ്കുഴിയില്‍ വന്നിറങ്ങിയെന്നു ക്രിസ്തീയ ചരിത്രം.
മാരാങ്കുഴിയില്‍ വന്നിറങ്ങിയ വിശുദ്ധന്‍ ഒരു മാസത്തോളം സമ്പാളൂരില്‍ താമസിക്കുകയും വചനം പ്രഘോഷിച്ച് ഏറെപ്പേരെ ക്രിസ്തുമത വിശ്വാസികളാക്കുകയും ചെയ്തു. തുടര്‍ന്നു 1544- 45 കാലഘട്ടത്തിലും 1548ലും വിശുദ്ധന്‍ സമ്പാളൂരിലെത്തിയിരുന്നു.
1660കളില്‍ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ അച്ചുകൂടം സ്ഥിതിചെയ്തിരുന്നതും സമ്പാളൂരിലാണ്. അച്ചുകൂടത്തിന്‍റെ പ്രവര്‍ത്തനത്തിനു കപ്പല്‍ച്ചാല്‍ ഏറെ ഗുണകരമായിരുന്നു. പ്രശസ്തമായ പല തമിഴ്, സംസ്കൃത, മലയാള ഗ്രന്ഥങ്ങള്‍ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിനു കപ്പല്‍ച്ചാല്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ കപ്പല്‍ച്ചാലിനെക്കുറിച്ചു പഠനം നടത്താനോ ലോകശ്രദ്ധയില്‍ കൊണ്ടുവരാനോ കാര്യമായ ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല.
മാരാങ്കുഴിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കിണര്‍ കുഴിക്കുമ്പോഴും മറ്റും പായ്ക്കപ്പലുകളുടേയും കപ്പലുകളില്‍ ഉപയോഗിച്ചിരുന്ന വടങ്ങളുടേയും അനുബന്ധ ഉപകരണങ്ങളുടേയും അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ഉത്ഖനനങ്ങള്‍ നടത്തി സമ്പാളൂരിന്‍റെ പൗരാണികത പുറത്തു കൊണ്ടുവരാന്‍ പുരാവസ്തു വകുപ്പിന്‍റെ ശ്രമങ്ങളുണ്ടായിട്ടില്ല.
സമ്പാളൂരിനെ ലോകടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതു മാത്രമാണു പറയത്തക്ക നേട്ടം. കാലം പിന്നിട്ടതോടെ ചരിത്രത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ കപ്പല്‍ച്ചാല്‍ ചെറുതോടു മാത്രമായിരിക്കുകയാണ്.
തോടിന്‍റെ ഭൂരിഭാഗവും നികത്തി വീടുകളും മറ്റും നിര്‍മിച്ചു. അവശേഷിക്കുന്ന ഭാഗങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. പ്രദേശത്തു നിന്നു ലഭിച്ച പുരാവസ്തുക്കളും മറ്റും സമ്പാളൂര്‍ സെന്‍റ് സേവ്യര്‍ പള്ളിയോടു ചേര്‍ന്നു ള്ള ചരിത്രമ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
0 comments:
Post a Comment