Monday, March 29, 2010

അര്‍ണോസ് പാതിരിയുടെ ഓര്‍മയ്ക്ക്

Buzz It


Tuesday, March 23, 2010
ഇതൊരു ഓര്‍മപ്പെടുത്തല്‍ മാത്രം. മലയാളി ഒരിക്കലും മറക്കാനിടയില്ലെങ്കിലും, അറിയാതെ വിസ്മൃതിയിലായ ഒരാളെക്കുറിച്ചുള്ള സ്മരണ പുതുക്കല്‍. വിശ്വാസത്തിന്‍റെ വിളക്കില്‍ ഒരു തിരി തെളിയിച്ച പുരോഹിതനോടുള്ള ആദരവു പ്രകടിപ്പിക്കല്‍. ഫാ. ജോണ്‍ ഏണസ്റ്റ് ഹാങ് ബെന്‍സര്‍ എന്ന് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. അര്‍ണോസ് പാതിരിയെന്നു പറഞ്ഞാല്‍ എളുപ്പത്തില്‍ മനസിലാകും. ക്രിസ്തുമതത്തിനു പാന സാഹിത്യം വിളമ്പിയ പുരോഹിതന്‍റെ 278-ാം ചരമ വാര്‍ഷികമായിരുന്നു കഴിഞ്ഞ ശനിയാഴ്ച (മാര്‍ച്ച് ഇരുപത്). കര്‍ക്കടക കാലത്തെ രാമായണ പാരായണം പോലെ, ക്രൈസ്തവര്‍ക്കു നോമ്പുകാലത്തു പാരായണം ചെയ്യാന്‍ പുത്തന്‍പാന രചിച്ച അര്‍ണോസ് പാതിരിയെ കേരളത്തിലെ ഒരു ഗ്രാമം ഇത്തവണയും ഓര്‍ത്തിരുന്നു ഭജിച്ചു. തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്ത് സമ്പാളൂരിലെ ജനങ്ങള്‍. 1732 മാര്‍ച്ച് ഇരുപതിന് ഇവിടെ വച്ചാണു പാതിരി ഈ ലോകത്തോടു വിടപറഞ്ഞത്.
ആദ്യത്തെ പ്രേഷിത കവിയുടെ ഓര്‍മ പുതുക്കി സമ്പാളൂരിലെ വിശ്വാസികള്‍ പ്രാര്‍ഥിച്ചു. മലയാള സാഹിത്യത്തിനും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും ശ്രുതിമധുരമായ പാന നല്‍കിയ പുരോഹിതനു വേണ്ടി കീര്‍ത്തനങ്ങള്‍ ആലപിച്ചു.
ഹിന്ദു മത വിശ്വാസികള്‍ക്കു ജ്ഞാനപ്പാനപോലെ, ക്രൈസ്തവര്‍ക്കു പുത്തന്‍പാനയെന്നു വിളിക്കാം അര്‍ണോസ് പാതിരിയുടെ സാഹിത്യ സംഭാവനയെ. നോമ്പുകാലത്തു പ്രാര്‍ഥിക്കാനൊരു കീര്‍ത്തനം, അതിനുവേണ്ടിയാണു പുത്തന്‍പാന രചിക്കപ്പെട്ടത്. വിദേശ ഭാഷയില്‍ എഴുതപ്പെട്ട ബൈബിള്‍ മലയാളത്തിലാക്കിയ പാതിരി, പിന്നീടാണു കീര്‍ത്തനമെഴുതിയത്. ലോകസൃഷ്ടി മുതല്‍ യേശുവിന്‍റെ കുരിശുമരണത്തിനു ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് വരെ പുത്തന്‍ പാനയ്ക്കു വിഷയമാക്കി. ദേവമാതാവിന്‍ വ്യാകുല പ്രബന്ധം എന്ന അനുബന്ധവും ചേര്‍ത്തു. പതിനാലു പാദങ്ങളിലായാണ് ഇതെഴുതിയത്. പാന ലളിതമായി ചൊല്ലാനുള്ള ഈണവും ചിട്ടപ്പെടുത്തി. അര്‍ണോസ് പാതിരി പ്രേഷിത വേലയ്ക്കു തെരഞ്ഞെടുത്ത മാളയിലെ സമ്പാളൂരില്‍ വച്ചാണ് ഇത് എഴുതപ്പെട്ടത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സെന്‍റ് പോള്‍സ് മുദ്രണാലയത്തില്‍ ഇത് അച്ചടിച്ചു പുസ്തകമാക്കി. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളില്‍ നോമ്പുകാലത്ത് പുത്തന്‍പാന പാരായണം നിര്‍ബന്ധമായിരുന്നു. പിന്നീടു മരണവീടുകളിലും പാന പാരായണം തുടങ്ങി. കാലക്രമേണ ഈ സമ്പ്രദായം തീരെ ഇല്ലാതായി.
1681ല്‍ ജര്‍മനിയിലാണ് അര്‍ണോസ് പാതിരി ജനിച്ചത്. 1699ല്‍ ജര്‍മനിയില്‍ നിന്നു കപ്പല്‍ മാര്‍ഗം ഏഷ്യയിലേക്കു യാത്ര പുറപ്പെട്ടു. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 1700 ഡിസംബര്‍ പതിമൂന്നിനു ഗുജറാത്തിലെ സൂററ്റിലെത്തി. അവിടെ നിന്നു ഗോവയിലെത്തിയത് ദൈവശാസ്ത്ര പഠനത്തിനായിരുന്നു. ഇതിനു ശേഷമാണ് മാളയിലെത്തിയത്. ഇവിടെയെത്തിയ ശേഷം മലയാളവും സംസ്കൃതവും പഠിച്ചു. വിശ്വാസ സമൂഹത്തിനുവേണ്ടി പ്രാര്‍ഥനാ ഗാനം രചിച്ചത് പിന്നീടാണ്. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി പഴുവില്‍ ഗ്രാമത്തിലൂടെയുള്ള സഞ്ചാരത്തിനിടെ പാമ്പു കടിയേറ്റ് പാതിരിയുടെ ജീവിതയാത്ര അവസാനിച്ചു, മാര്‍ച്ച് ഇരുപതിനായിരുന്നു അത്. മലയാള സാഹിത്യത്തിന്‍റെ ഭാഗമായ പുത്തന്‍ പാനയുടെ രചയിതാവിന്‍റെ ചരമവാര്‍ഷികം, സാംസ്കാരിക കേരളം അറിഞ്ഞില്ല, സാഹിത്യലോകം അറിഞ്ഞില്ല. സമ്പാളൂര്‍ ഗ്രാമം പാതിരിയെ സ്മരിച്ചു, ആദ്യ പ്രേഷിത കവിയുടെ പേരില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ച് ചരമദിനം ആചരിച്ചു.

Read more...

Tuesday, March 16, 2010

മാരാങ്കുഴി പായ്ക്കപ്പല്‍ ജലപാത അവഗണനയില്‍

Buzz It

Sunday, March 14, 2010

 









 


മാരാങ്കുഴി പായ്ക്കപ്പല്‍ ജലപാത അവഗണനയില്‍. കാടുകുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പു കപ്പല്‍ച്ചാലായിരുന്ന മാരാങ്കുഴിത്തോട്. ക്രൈസ്തവസഭയുടെ വിശുദ്ധരില്‍ പ്രമുഖനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ വചന പ്രഘോഷണത്തിന് എത്തിയത് ഈ കപ്പല്‍ച്ചാലിലൂടെയാണെന്നു വിശ്വാസം.
പെരിയാറും ചാലക്കുടി പുഴയും ഒത്തുചേര്‍ന്നുണ്ടായ പായ്ക്കപ്പല്‍ ജലപാത കൊച്ചി- കൊടുങ്ങല്ലൂര്‍ തുറമുഖത്തു നിന്നു സാമ്പളൂരിലെ മാരാങ്കുഴിയിലാണ് അവസാനിച്ചിരുന്നത്. പുഴയിലൂടെ സഞ്ചരിച്ചിരുന്ന ചെറിയ പായ്ക്കപ്പലുകള്‍ പുഴയോടു ചേര്‍ന്നുള്ള വില്ലന്‍തോട് വഴിയാണു പടിഞ്ഞാറു ഭാഗത്തുള്ള മാരാങ്കുഴിയില്‍ പ്രവേശിച്ചിരുന്നത്. ഇവിടെ നിന്നു പായ്ക്കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
കപ്പലുകളില്‍ നിന്നു കരയിലേക്ക് ഇറങ്ങാനുള്ള പടവുകള്‍ ഇന്നും ഇവിടെ ശേഷിക്കുന്നുണ്ട്. 1542 സെപ്റ്റംബറില്‍ ഗോവയില്‍ നിന്നു കന്യാകുമാരിയിലേയ്ക്കുള്ള യാത്രക്കിടയില്‍ കാലാവസ്ഥ മോശമായതിനാല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സഞ്ചരിച്ച കപ്പല്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തു നങ്കുരമിടുകയും ചെറിയ പായ്ക്കപ്പലില്‍ ചാലക്കുടിപ്പുഴയിലൂടെ ഉള്‍പ്രദേശങ്ങളിലേക്കു സഞ്ചരിച്ചു മാരാങ്കുഴിയില്‍ വന്നിറങ്ങിയെന്നു ക്രിസ്തീയ ചരിത്രം.
മാരാങ്കുഴിയില്‍ വന്നിറങ്ങിയ വിശുദ്ധന്‍ ഒരു മാസത്തോളം സമ്പാളൂരില്‍ താമസിക്കുകയും വചനം പ്രഘോഷിച്ച് ഏറെപ്പേരെ ക്രിസ്തുമത വിശ്വാസികളാക്കുകയും ചെയ്തു. തുടര്‍ന്നു 1544- 45 കാലഘട്ടത്തിലും 1548ലും വിശുദ്ധന്‍ സമ്പാളൂരിലെത്തിയിരുന്നു.
1660കളില്‍ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ അച്ചുകൂടം സ്ഥിതിചെയ്തിരുന്നതും സമ്പാളൂരിലാണ്. അച്ചുകൂടത്തിന്‍റെ പ്രവര്‍ത്തനത്തിനു കപ്പല്‍ച്ചാല്‍ ഏറെ ഗുണകരമായിരുന്നു. പ്രശസ്തമായ പല തമിഴ്, സംസ്കൃത, മലയാള ഗ്രന്ഥങ്ങള്‍ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിനു കപ്പല്‍ച്ചാല്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ കപ്പല്‍ച്ചാലിനെക്കുറിച്ചു പഠനം നടത്താനോ ലോകശ്രദ്ധയില്‍ കൊണ്ടുവരാനോ കാര്യമായ ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല.
മാരാങ്കുഴിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കിണര്‍ കുഴിക്കുമ്പോഴും മറ്റും പായ്ക്കപ്പലുകളുടേയും കപ്പലുകളില്‍ ഉപയോഗിച്ചിരുന്ന വടങ്ങളുടേയും അനുബന്ധ ഉപകരണങ്ങളുടേയും അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ഉത്ഖനനങ്ങള്‍ നടത്തി സമ്പാളൂരിന്‍റെ പൗരാണികത പുറത്തു കൊണ്ടുവരാന്‍ പുരാവസ്തു വകുപ്പിന്‍റെ ശ്രമങ്ങളുണ്ടായിട്ടില്ല.
സമ്പാളൂരിനെ ലോകടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതു മാത്രമാണു പറയത്തക്ക നേട്ടം. കാലം പിന്നിട്ടതോടെ ചരിത്രത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ കപ്പല്‍ച്ചാല്‍ ചെറുതോടു മാത്രമായിരിക്കുകയാണ്.
തോടിന്‍റെ ഭൂരിഭാഗവും നികത്തി വീടുകളും മറ്റും നിര്‍മിച്ചു. അവശേഷിക്കുന്ന ഭാഗങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. പ്രദേശത്തു നിന്നു ലഭിച്ച പുരാവസ്തുക്കളും മറ്റും സമ്പാളൂര്‍ സെന്‍റ് സേവ്യര്‍ പള്ളിയോടു ചേര്‍ന്നു ള്ള ചരിത്രമ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

Read more...

Saturday, March 13, 2010

ജൈന സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ അനാഥമാകുന്നു

Buzz It

Friday, March 12, 2010

 
 
 
 
 
 
 
 
 
 
 
 
 
മാള
ജൈന സംസ്കാരത്തിന്‍റെ നഷ്ട പ്രതാപത്തിന്‍റെ സ്മരണകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന പുത്തന്‍ചിറ പഞ്ചായത്തിലെ കൊമ്പത്തു കടവിലുള്ള ആനപ്പാറയ്ക്ക് അവഗണന തുടര്‍ക്കഥ.
ദീര്‍ഘ ഗോളാകൃതിയില്‍ 25അടി ഉയരത്തിലാണു ജൈനരുടെ ആരാധന ബിംബമായിരുന്ന ആനപ്പാറ സ്ഥിതി ചെയ്യുന്നത്. ഇതിനോടു ചേര്‍ന്നുണ്ടായിരുന്ന ജൈന സന്യാസിമാര്‍ വസിച്ചിരുന്ന ഗുഹ കാലക്രമത്തില്‍ മണ്ണിടിച്ചിലില്‍ മൂടിപ്പോവുകയായിരുന്നു. എഡി ഏഴാം ശതകത്തില്‍ കേരളത്തില്‍ വ്യാപകമായിരുന്ന ജൈനമതത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നു മാളയ്ക്കടുത്തുള്ള പുത്തന്‍ചിറയായിരുന്നു.
പുത്തന്‍ചിറയിലെ മാണിയംകാവ്, കുതിരത്തടം തുടങ്ങിയ പ്രദേശങ്ങള്‍ ജൈന അധിവാസ കേന്ദ്രങ്ങളായിരുന്നുവെന്നു ചരിത്ര പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുഹകളിലും പാറയിടുക്കുകളിലും വസിച്ചു ആരാധന നടത്തിയിരുന്ന ജൈനര്‍ പുത്തന്‍ചിറ കേന്ദ്രമാക്കിയാണു മതപ്രചാരണം നടത്തിയിരുന്നത്. 13-ാം നൂറ്റാണ്ടില്‍ ബ്രാഹ്മണാധിപത്യം കേരളത്തില്‍ വന്നതോടെയാണു ജൈനസംസ്കാരം അസ്തമിച്ചതെന്നു കരുതുന്നു.
വില്വമംഗലം സ്വാമിയാരുടെ നേതൃത്വത്തിലാണു ബ്രാഹ്മണര്‍ ജൈനരെ മേഖലയില്‍ നിന്നു നിഷ്കാസനം ചെയ്തതെന്നു കരുതുന്നു. 13-ാം നൂറ്റാണ്ടിലാണു ബ്രാഹ്മണാധിപത്യത്തെത്തുടര്‍ന്നു ജൈനര്‍ പുത്തന്‍ചിറ വിട്ടു പലായനം ചെയ്തത്. ഇതോടെ ജൈന സംസ്കാരം അന്യം നില്‍ക്കുകയായിരുന്നു. കാലക്രമത്തില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമായ ഭൂമി മുഴുവന്‍ മണ്ണെടുത്തും കരിങ്കല്‍ ഖനനം നടത്തിയും ജൈന സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ തകര്‍ക്കുകയായിരുന്നു.
നാട്ടുകാരുടെ അജ്ഞതയാണു മണ്ണെടുപ്പിനും കിരങ്കല്‍ ഖനനത്തിനും കാരണമായതെങ്കില്‍ പുരാവസ്തു വകുപ്പും മാറി മാറി വന്ന സര്‍ക്കാരുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ജൈന സംസ്കാരം കാത്തു സൂക്ഷിക്കുന്നതില്‍ അശേഷം ശ്രദ്ധ കാണിച്ചില്ലെന്നും പരാതിയുണ്ട്.

Read more...

കുട്ടാടന്‍പാടം

വിത്തെറിഞ്ഞു
കളപിഴുത്
വിയര്‍പ്പാറ്റിയെടുത്ത
പാടവരമ്പിലൂടെ
ദേശാന്തരങ്ങളിലേക്ക്
അടിമകളായി
നടന്നു പോയ
എന്‍റെ പൂര്‍വ്വികരുടെ
ചരിത്രം

വചനങ്ങള്‍

"കപടസദാചാരത്തിന്റെ സിഫിലിസ് പിടിച്ചു കാല്‍ അകത്തി കവച്ചു നില്‍ക്കുന്ന ഇന്ത്യന്‍ സദാചാരത്തിന്റെ അടിയില്‍ കിടന്നു ഞാന്‍ മേലോട്ട് നോക്കിയിട്ടുണ്ടോ? നോക്കിയിട്ടുമുണ്ട്, കാര്‍ക്കിച്ചു തുപ്പിയിട്ടുമുണ്ട്." -എന്‍ .എന്‍ . പിള്ള ( 'ഞാന്‍' എന്ന ആത്മകഥയില്‍ നിന്ന്)
നന്ദി സുഹൃത്തേ, ഇതുവഴി വന്നതിന്...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP