Monday, March 29, 2010

അര്‍ണോസ് പാതിരിയുടെ ഓര്‍മയ്ക്ക്

Buzz It


Tuesday, March 23, 2010
ഇതൊരു ഓര്‍മപ്പെടുത്തല്‍ മാത്രം. മലയാളി ഒരിക്കലും മറക്കാനിടയില്ലെങ്കിലും, അറിയാതെ വിസ്മൃതിയിലായ ഒരാളെക്കുറിച്ചുള്ള സ്മരണ പുതുക്കല്‍. വിശ്വാസത്തിന്‍റെ വിളക്കില്‍ ഒരു തിരി തെളിയിച്ച പുരോഹിതനോടുള്ള ആദരവു പ്രകടിപ്പിക്കല്‍. ഫാ. ജോണ്‍ ഏണസ്റ്റ് ഹാങ് ബെന്‍സര്‍ എന്ന് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. അര്‍ണോസ് പാതിരിയെന്നു പറഞ്ഞാല്‍ എളുപ്പത്തില്‍ മനസിലാകും. ക്രിസ്തുമതത്തിനു പാന സാഹിത്യം വിളമ്പിയ പുരോഹിതന്‍റെ 278-ാം ചരമ വാര്‍ഷികമായിരുന്നു കഴിഞ്ഞ ശനിയാഴ്ച (മാര്‍ച്ച് ഇരുപത്). കര്‍ക്കടക കാലത്തെ രാമായണ പാരായണം പോലെ, ക്രൈസ്തവര്‍ക്കു നോമ്പുകാലത്തു പാരായണം ചെയ്യാന്‍ പുത്തന്‍പാന രചിച്ച അര്‍ണോസ് പാതിരിയെ കേരളത്തിലെ ഒരു ഗ്രാമം ഇത്തവണയും ഓര്‍ത്തിരുന്നു ഭജിച്ചു. തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്ത് സമ്പാളൂരിലെ ജനങ്ങള്‍. 1732 മാര്‍ച്ച് ഇരുപതിന് ഇവിടെ വച്ചാണു പാതിരി ഈ ലോകത്തോടു വിടപറഞ്ഞത്.
ആദ്യത്തെ പ്രേഷിത കവിയുടെ ഓര്‍മ പുതുക്കി സമ്പാളൂരിലെ വിശ്വാസികള്‍ പ്രാര്‍ഥിച്ചു. മലയാള സാഹിത്യത്തിനും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും ശ്രുതിമധുരമായ പാന നല്‍കിയ പുരോഹിതനു വേണ്ടി കീര്‍ത്തനങ്ങള്‍ ആലപിച്ചു.
ഹിന്ദു മത വിശ്വാസികള്‍ക്കു ജ്ഞാനപ്പാനപോലെ, ക്രൈസ്തവര്‍ക്കു പുത്തന്‍പാനയെന്നു വിളിക്കാം അര്‍ണോസ് പാതിരിയുടെ സാഹിത്യ സംഭാവനയെ. നോമ്പുകാലത്തു പ്രാര്‍ഥിക്കാനൊരു കീര്‍ത്തനം, അതിനുവേണ്ടിയാണു പുത്തന്‍പാന രചിക്കപ്പെട്ടത്. വിദേശ ഭാഷയില്‍ എഴുതപ്പെട്ട ബൈബിള്‍ മലയാളത്തിലാക്കിയ പാതിരി, പിന്നീടാണു കീര്‍ത്തനമെഴുതിയത്. ലോകസൃഷ്ടി മുതല്‍ യേശുവിന്‍റെ കുരിശുമരണത്തിനു ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് വരെ പുത്തന്‍ പാനയ്ക്കു വിഷയമാക്കി. ദേവമാതാവിന്‍ വ്യാകുല പ്രബന്ധം എന്ന അനുബന്ധവും ചേര്‍ത്തു. പതിനാലു പാദങ്ങളിലായാണ് ഇതെഴുതിയത്. പാന ലളിതമായി ചൊല്ലാനുള്ള ഈണവും ചിട്ടപ്പെടുത്തി. അര്‍ണോസ് പാതിരി പ്രേഷിത വേലയ്ക്കു തെരഞ്ഞെടുത്ത മാളയിലെ സമ്പാളൂരില്‍ വച്ചാണ് ഇത് എഴുതപ്പെട്ടത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സെന്‍റ് പോള്‍സ് മുദ്രണാലയത്തില്‍ ഇത് അച്ചടിച്ചു പുസ്തകമാക്കി. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളില്‍ നോമ്പുകാലത്ത് പുത്തന്‍പാന പാരായണം നിര്‍ബന്ധമായിരുന്നു. പിന്നീടു മരണവീടുകളിലും പാന പാരായണം തുടങ്ങി. കാലക്രമേണ ഈ സമ്പ്രദായം തീരെ ഇല്ലാതായി.
1681ല്‍ ജര്‍മനിയിലാണ് അര്‍ണോസ് പാതിരി ജനിച്ചത്. 1699ല്‍ ജര്‍മനിയില്‍ നിന്നു കപ്പല്‍ മാര്‍ഗം ഏഷ്യയിലേക്കു യാത്ര പുറപ്പെട്ടു. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 1700 ഡിസംബര്‍ പതിമൂന്നിനു ഗുജറാത്തിലെ സൂററ്റിലെത്തി. അവിടെ നിന്നു ഗോവയിലെത്തിയത് ദൈവശാസ്ത്ര പഠനത്തിനായിരുന്നു. ഇതിനു ശേഷമാണ് മാളയിലെത്തിയത്. ഇവിടെയെത്തിയ ശേഷം മലയാളവും സംസ്കൃതവും പഠിച്ചു. വിശ്വാസ സമൂഹത്തിനുവേണ്ടി പ്രാര്‍ഥനാ ഗാനം രചിച്ചത് പിന്നീടാണ്. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി പഴുവില്‍ ഗ്രാമത്തിലൂടെയുള്ള സഞ്ചാരത്തിനിടെ പാമ്പു കടിയേറ്റ് പാതിരിയുടെ ജീവിതയാത്ര അവസാനിച്ചു, മാര്‍ച്ച് ഇരുപതിനായിരുന്നു അത്. മലയാള സാഹിത്യത്തിന്‍റെ ഭാഗമായ പുത്തന്‍ പാനയുടെ രചയിതാവിന്‍റെ ചരമവാര്‍ഷികം, സാംസ്കാരിക കേരളം അറിഞ്ഞില്ല, സാഹിത്യലോകം അറിഞ്ഞില്ല. സമ്പാളൂര്‍ ഗ്രാമം പാതിരിയെ സ്മരിച്ചു, ആദ്യ പ്രേഷിത കവിയുടെ പേരില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ച് ചരമദിനം ആചരിച്ചു.

0 comments:

കുട്ടാടന്‍പാടം

വിത്തെറിഞ്ഞു
കളപിഴുത്
വിയര്‍പ്പാറ്റിയെടുത്ത
പാടവരമ്പിലൂടെ
ദേശാന്തരങ്ങളിലേക്ക്
അടിമകളായി
നടന്നു പോയ
എന്‍റെ പൂര്‍വ്വികരുടെ
ചരിത്രം

വചനങ്ങള്‍

"കപടസദാചാരത്തിന്റെ സിഫിലിസ് പിടിച്ചു കാല്‍ അകത്തി കവച്ചു നില്‍ക്കുന്ന ഇന്ത്യന്‍ സദാചാരത്തിന്റെ അടിയില്‍ കിടന്നു ഞാന്‍ മേലോട്ട് നോക്കിയിട്ടുണ്ടോ? നോക്കിയിട്ടുമുണ്ട്, കാര്‍ക്കിച്ചു തുപ്പിയിട്ടുമുണ്ട്." -എന്‍ .എന്‍ . പിള്ള ( 'ഞാന്‍' എന്ന ആത്മകഥയില്‍ നിന്ന്)
നന്ദി സുഹൃത്തേ, ഇതുവഴി വന്നതിന്...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP