Monday, March 29, 2010

അര്‍ണോസ് പാതിരിയുടെ ഓര്‍മയ്ക്ക്

Buzz It


Tuesday, March 23, 2010
ഇതൊരു ഓര്‍മപ്പെടുത്തല്‍ മാത്രം. മലയാളി ഒരിക്കലും മറക്കാനിടയില്ലെങ്കിലും, അറിയാതെ വിസ്മൃതിയിലായ ഒരാളെക്കുറിച്ചുള്ള സ്മരണ പുതുക്കല്‍. വിശ്വാസത്തിന്‍റെ വിളക്കില്‍ ഒരു തിരി തെളിയിച്ച പുരോഹിതനോടുള്ള ആദരവു പ്രകടിപ്പിക്കല്‍. ഫാ. ജോണ്‍ ഏണസ്റ്റ് ഹാങ് ബെന്‍സര്‍ എന്ന് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. അര്‍ണോസ് പാതിരിയെന്നു പറഞ്ഞാല്‍ എളുപ്പത്തില്‍ മനസിലാകും. ക്രിസ്തുമതത്തിനു പാന സാഹിത്യം വിളമ്പിയ പുരോഹിതന്‍റെ 278-ാം ചരമ വാര്‍ഷികമായിരുന്നു കഴിഞ്ഞ ശനിയാഴ്ച (മാര്‍ച്ച് ഇരുപത്). കര്‍ക്കടക കാലത്തെ രാമായണ പാരായണം പോലെ, ക്രൈസ്തവര്‍ക്കു നോമ്പുകാലത്തു പാരായണം ചെയ്യാന്‍ പുത്തന്‍പാന രചിച്ച അര്‍ണോസ് പാതിരിയെ കേരളത്തിലെ ഒരു ഗ്രാമം ഇത്തവണയും ഓര്‍ത്തിരുന്നു ഭജിച്ചു. തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്ത് സമ്പാളൂരിലെ ജനങ്ങള്‍. 1732 മാര്‍ച്ച് ഇരുപതിന് ഇവിടെ വച്ചാണു പാതിരി ഈ ലോകത്തോടു വിടപറഞ്ഞത്.
ആദ്യത്തെ പ്രേഷിത കവിയുടെ ഓര്‍മ പുതുക്കി സമ്പാളൂരിലെ വിശ്വാസികള്‍ പ്രാര്‍ഥിച്ചു. മലയാള സാഹിത്യത്തിനും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും ശ്രുതിമധുരമായ പാന നല്‍കിയ പുരോഹിതനു വേണ്ടി കീര്‍ത്തനങ്ങള്‍ ആലപിച്ചു.
ഹിന്ദു മത വിശ്വാസികള്‍ക്കു ജ്ഞാനപ്പാനപോലെ, ക്രൈസ്തവര്‍ക്കു പുത്തന്‍പാനയെന്നു വിളിക്കാം അര്‍ണോസ് പാതിരിയുടെ സാഹിത്യ സംഭാവനയെ. നോമ്പുകാലത്തു പ്രാര്‍ഥിക്കാനൊരു കീര്‍ത്തനം, അതിനുവേണ്ടിയാണു പുത്തന്‍പാന രചിക്കപ്പെട്ടത്. വിദേശ ഭാഷയില്‍ എഴുതപ്പെട്ട ബൈബിള്‍ മലയാളത്തിലാക്കിയ പാതിരി, പിന്നീടാണു കീര്‍ത്തനമെഴുതിയത്. ലോകസൃഷ്ടി മുതല്‍ യേശുവിന്‍റെ കുരിശുമരണത്തിനു ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് വരെ പുത്തന്‍ പാനയ്ക്കു വിഷയമാക്കി. ദേവമാതാവിന്‍ വ്യാകുല പ്രബന്ധം എന്ന അനുബന്ധവും ചേര്‍ത്തു. പതിനാലു പാദങ്ങളിലായാണ് ഇതെഴുതിയത്. പാന ലളിതമായി ചൊല്ലാനുള്ള ഈണവും ചിട്ടപ്പെടുത്തി. അര്‍ണോസ് പാതിരി പ്രേഷിത വേലയ്ക്കു തെരഞ്ഞെടുത്ത മാളയിലെ സമ്പാളൂരില്‍ വച്ചാണ് ഇത് എഴുതപ്പെട്ടത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സെന്‍റ് പോള്‍സ് മുദ്രണാലയത്തില്‍ ഇത് അച്ചടിച്ചു പുസ്തകമാക്കി. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളില്‍ നോമ്പുകാലത്ത് പുത്തന്‍പാന പാരായണം നിര്‍ബന്ധമായിരുന്നു. പിന്നീടു മരണവീടുകളിലും പാന പാരായണം തുടങ്ങി. കാലക്രമേണ ഈ സമ്പ്രദായം തീരെ ഇല്ലാതായി.
1681ല്‍ ജര്‍മനിയിലാണ് അര്‍ണോസ് പാതിരി ജനിച്ചത്. 1699ല്‍ ജര്‍മനിയില്‍ നിന്നു കപ്പല്‍ മാര്‍ഗം ഏഷ്യയിലേക്കു യാത്ര പുറപ്പെട്ടു. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 1700 ഡിസംബര്‍ പതിമൂന്നിനു ഗുജറാത്തിലെ സൂററ്റിലെത്തി. അവിടെ നിന്നു ഗോവയിലെത്തിയത് ദൈവശാസ്ത്ര പഠനത്തിനായിരുന്നു. ഇതിനു ശേഷമാണ് മാളയിലെത്തിയത്. ഇവിടെയെത്തിയ ശേഷം മലയാളവും സംസ്കൃതവും പഠിച്ചു. വിശ്വാസ സമൂഹത്തിനുവേണ്ടി പ്രാര്‍ഥനാ ഗാനം രചിച്ചത് പിന്നീടാണ്. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി പഴുവില്‍ ഗ്രാമത്തിലൂടെയുള്ള സഞ്ചാരത്തിനിടെ പാമ്പു കടിയേറ്റ് പാതിരിയുടെ ജീവിതയാത്ര അവസാനിച്ചു, മാര്‍ച്ച് ഇരുപതിനായിരുന്നു അത്. മലയാള സാഹിത്യത്തിന്‍റെ ഭാഗമായ പുത്തന്‍ പാനയുടെ രചയിതാവിന്‍റെ ചരമവാര്‍ഷികം, സാംസ്കാരിക കേരളം അറിഞ്ഞില്ല, സാഹിത്യലോകം അറിഞ്ഞില്ല. സമ്പാളൂര്‍ ഗ്രാമം പാതിരിയെ സ്മരിച്ചു, ആദ്യ പ്രേഷിത കവിയുടെ പേരില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ച് ചരമദിനം ആചരിച്ചു.

Read more...

Tuesday, March 16, 2010

മാരാങ്കുഴി പായ്ക്കപ്പല്‍ ജലപാത അവഗണനയില്‍

Buzz It

Sunday, March 14, 2010

 









 


മാരാങ്കുഴി പായ്ക്കപ്പല്‍ ജലപാത അവഗണനയില്‍. കാടുകുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പു കപ്പല്‍ച്ചാലായിരുന്ന മാരാങ്കുഴിത്തോട്. ക്രൈസ്തവസഭയുടെ വിശുദ്ധരില്‍ പ്രമുഖനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ വചന പ്രഘോഷണത്തിന് എത്തിയത് ഈ കപ്പല്‍ച്ചാലിലൂടെയാണെന്നു വിശ്വാസം.
പെരിയാറും ചാലക്കുടി പുഴയും ഒത്തുചേര്‍ന്നുണ്ടായ പായ്ക്കപ്പല്‍ ജലപാത കൊച്ചി- കൊടുങ്ങല്ലൂര്‍ തുറമുഖത്തു നിന്നു സാമ്പളൂരിലെ മാരാങ്കുഴിയിലാണ് അവസാനിച്ചിരുന്നത്. പുഴയിലൂടെ സഞ്ചരിച്ചിരുന്ന ചെറിയ പായ്ക്കപ്പലുകള്‍ പുഴയോടു ചേര്‍ന്നുള്ള വില്ലന്‍തോട് വഴിയാണു പടിഞ്ഞാറു ഭാഗത്തുള്ള മാരാങ്കുഴിയില്‍ പ്രവേശിച്ചിരുന്നത്. ഇവിടെ നിന്നു പായ്ക്കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
കപ്പലുകളില്‍ നിന്നു കരയിലേക്ക് ഇറങ്ങാനുള്ള പടവുകള്‍ ഇന്നും ഇവിടെ ശേഷിക്കുന്നുണ്ട്. 1542 സെപ്റ്റംബറില്‍ ഗോവയില്‍ നിന്നു കന്യാകുമാരിയിലേയ്ക്കുള്ള യാത്രക്കിടയില്‍ കാലാവസ്ഥ മോശമായതിനാല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സഞ്ചരിച്ച കപ്പല്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തു നങ്കുരമിടുകയും ചെറിയ പായ്ക്കപ്പലില്‍ ചാലക്കുടിപ്പുഴയിലൂടെ ഉള്‍പ്രദേശങ്ങളിലേക്കു സഞ്ചരിച്ചു മാരാങ്കുഴിയില്‍ വന്നിറങ്ങിയെന്നു ക്രിസ്തീയ ചരിത്രം.
മാരാങ്കുഴിയില്‍ വന്നിറങ്ങിയ വിശുദ്ധന്‍ ഒരു മാസത്തോളം സമ്പാളൂരില്‍ താമസിക്കുകയും വചനം പ്രഘോഷിച്ച് ഏറെപ്പേരെ ക്രിസ്തുമത വിശ്വാസികളാക്കുകയും ചെയ്തു. തുടര്‍ന്നു 1544- 45 കാലഘട്ടത്തിലും 1548ലും വിശുദ്ധന്‍ സമ്പാളൂരിലെത്തിയിരുന്നു.
1660കളില്‍ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ അച്ചുകൂടം സ്ഥിതിചെയ്തിരുന്നതും സമ്പാളൂരിലാണ്. അച്ചുകൂടത്തിന്‍റെ പ്രവര്‍ത്തനത്തിനു കപ്പല്‍ച്ചാല്‍ ഏറെ ഗുണകരമായിരുന്നു. പ്രശസ്തമായ പല തമിഴ്, സംസ്കൃത, മലയാള ഗ്രന്ഥങ്ങള്‍ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിനു കപ്പല്‍ച്ചാല്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ കപ്പല്‍ച്ചാലിനെക്കുറിച്ചു പഠനം നടത്താനോ ലോകശ്രദ്ധയില്‍ കൊണ്ടുവരാനോ കാര്യമായ ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല.
മാരാങ്കുഴിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കിണര്‍ കുഴിക്കുമ്പോഴും മറ്റും പായ്ക്കപ്പലുകളുടേയും കപ്പലുകളില്‍ ഉപയോഗിച്ചിരുന്ന വടങ്ങളുടേയും അനുബന്ധ ഉപകരണങ്ങളുടേയും അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ഉത്ഖനനങ്ങള്‍ നടത്തി സമ്പാളൂരിന്‍റെ പൗരാണികത പുറത്തു കൊണ്ടുവരാന്‍ പുരാവസ്തു വകുപ്പിന്‍റെ ശ്രമങ്ങളുണ്ടായിട്ടില്ല.
സമ്പാളൂരിനെ ലോകടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതു മാത്രമാണു പറയത്തക്ക നേട്ടം. കാലം പിന്നിട്ടതോടെ ചരിത്രത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ കപ്പല്‍ച്ചാല്‍ ചെറുതോടു മാത്രമായിരിക്കുകയാണ്.
തോടിന്‍റെ ഭൂരിഭാഗവും നികത്തി വീടുകളും മറ്റും നിര്‍മിച്ചു. അവശേഷിക്കുന്ന ഭാഗങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. പ്രദേശത്തു നിന്നു ലഭിച്ച പുരാവസ്തുക്കളും മറ്റും സമ്പാളൂര്‍ സെന്‍റ് സേവ്യര്‍ പള്ളിയോടു ചേര്‍ന്നു ള്ള ചരിത്രമ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

Read more...

Saturday, March 13, 2010

ജൈന സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ അനാഥമാകുന്നു

Buzz It

Friday, March 12, 2010

 
 
 
 
 
 
 
 
 
 
 
 
 
മാള
ജൈന സംസ്കാരത്തിന്‍റെ നഷ്ട പ്രതാപത്തിന്‍റെ സ്മരണകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന പുത്തന്‍ചിറ പഞ്ചായത്തിലെ കൊമ്പത്തു കടവിലുള്ള ആനപ്പാറയ്ക്ക് അവഗണന തുടര്‍ക്കഥ.
ദീര്‍ഘ ഗോളാകൃതിയില്‍ 25അടി ഉയരത്തിലാണു ജൈനരുടെ ആരാധന ബിംബമായിരുന്ന ആനപ്പാറ സ്ഥിതി ചെയ്യുന്നത്. ഇതിനോടു ചേര്‍ന്നുണ്ടായിരുന്ന ജൈന സന്യാസിമാര്‍ വസിച്ചിരുന്ന ഗുഹ കാലക്രമത്തില്‍ മണ്ണിടിച്ചിലില്‍ മൂടിപ്പോവുകയായിരുന്നു. എഡി ഏഴാം ശതകത്തില്‍ കേരളത്തില്‍ വ്യാപകമായിരുന്ന ജൈനമതത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നു മാളയ്ക്കടുത്തുള്ള പുത്തന്‍ചിറയായിരുന്നു.
പുത്തന്‍ചിറയിലെ മാണിയംകാവ്, കുതിരത്തടം തുടങ്ങിയ പ്രദേശങ്ങള്‍ ജൈന അധിവാസ കേന്ദ്രങ്ങളായിരുന്നുവെന്നു ചരിത്ര പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുഹകളിലും പാറയിടുക്കുകളിലും വസിച്ചു ആരാധന നടത്തിയിരുന്ന ജൈനര്‍ പുത്തന്‍ചിറ കേന്ദ്രമാക്കിയാണു മതപ്രചാരണം നടത്തിയിരുന്നത്. 13-ാം നൂറ്റാണ്ടില്‍ ബ്രാഹ്മണാധിപത്യം കേരളത്തില്‍ വന്നതോടെയാണു ജൈനസംസ്കാരം അസ്തമിച്ചതെന്നു കരുതുന്നു.
വില്വമംഗലം സ്വാമിയാരുടെ നേതൃത്വത്തിലാണു ബ്രാഹ്മണര്‍ ജൈനരെ മേഖലയില്‍ നിന്നു നിഷ്കാസനം ചെയ്തതെന്നു കരുതുന്നു. 13-ാം നൂറ്റാണ്ടിലാണു ബ്രാഹ്മണാധിപത്യത്തെത്തുടര്‍ന്നു ജൈനര്‍ പുത്തന്‍ചിറ വിട്ടു പലായനം ചെയ്തത്. ഇതോടെ ജൈന സംസ്കാരം അന്യം നില്‍ക്കുകയായിരുന്നു. കാലക്രമത്തില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമായ ഭൂമി മുഴുവന്‍ മണ്ണെടുത്തും കരിങ്കല്‍ ഖനനം നടത്തിയും ജൈന സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ തകര്‍ക്കുകയായിരുന്നു.
നാട്ടുകാരുടെ അജ്ഞതയാണു മണ്ണെടുപ്പിനും കിരങ്കല്‍ ഖനനത്തിനും കാരണമായതെങ്കില്‍ പുരാവസ്തു വകുപ്പും മാറി മാറി വന്ന സര്‍ക്കാരുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ജൈന സംസ്കാരം കാത്തു സൂക്ഷിക്കുന്നതില്‍ അശേഷം ശ്രദ്ധ കാണിച്ചില്ലെന്നും പരാതിയുണ്ട്.

Read more...

Thursday, February 25, 2010

രാജപ്രതാപം വിടാതെ കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടി

Buzz It

Wednesday, February 17, 2010











മാള
അഞ്ചല്‍പ്പെട്ടിയും അഞ്ചലോട്ടക്കാരനും നാട്ടുകാരുടെ ഓര്‍മയില്‍ നിന്നും മാഞ്ഞെങ്കിലും ഇന്നും രാജപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണു പുത്തന്‍ച്ചിറ കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടി. രാജഭരണ കാലത്ത് ഇന്നത്തെ പോസ്റ്റ് ബോക്സുകളു ടെ സ്ഥാനത്ത് അഞ്ചല്‍പ്പെട്ടികളായിരുന്നു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്‍റെ ഭാഗ മായിരുന്ന പുത്തന്‍ച്ചിറയില്‍ കത്തിടപാടുകള്‍ക്കായി സ്ഥാപിച്ചതാണ് ഈ അഞ്ചല്‍പ്പെട്ടി.
പെട്ടിയില്‍ നിക്ഷേപിക്കുന്ന കത്തുകള്‍ അഞ്ചല്‍ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചതിനു ശേഷം അഞ്ചലോട്ടക്കാരന്‍ വഴിയാണു വിലാസ ക്കാര്‍ക്ക് എത്തിച്ചിരുന്നത്. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായാണ് അഞ്ചലോട്ടക്കാര്‍ സഞ്ചരിച്ചിരുന്നത്. അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നതു വലിയകുറ്റമായാണ് അക്കാലത്തു കരുതിയിരുന്നതെന്നു പഴമക്കാര്‍ പറയുന്നു. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കില്‍ തീര്‍ ത്ത അഞ്ചല്‍പ്പെട്ടിയാണു കരിങ്ങാച്ചിറയിലേത്. ഇതിനു മുകളിലായി തിരുവിതാംകൂറിന്‍റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്.
ആധുനിക പോസ്റ്റ്ഓഫിസുകളുടെ വരവോടെ അഞ്ചല്‍പ്പെട്ടികള്‍ ഉപയോഗിക്കാതായി. കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടിയും പരിസര വും ഇപ്പോള്‍ കാടുകയറിക്കിടക്കു ന്നു. രാജഭരണത്തിന്‍റെ അപൂര്‍വം ചില ശേഷിപ്പുകളിലൊന്നായ അഞ്ചല്‍പ്പെട്ടി സംരക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല. അഞ്ചല്‍പ്പെട്ടിയും പരിസരവും സംരക്ഷിത സ്മാരകമാക്കണമെന്നു നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നും ആയിട്ടില്ല.

Read more...

കുട്ടാടം പാടത്ത് കൃഷി അകലുന്നു

Buzz It

Thursday, February 18, 2010











മാള മേഖലയിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ വൈന്തല കുട്ടാടം പാടം മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള മണ്ണെടുപ്പു മൂലം കൃഷി യോഗ്യമല്ലാതാകു ന്നു. 700ഏക്കറോളം വരുന്ന പാടശേഖരത്തിലാണു മണ്ണെടുപ്പു മൂലം നെല്‍ക്കൃഷി ഇല്ലാതാകുന്നത്.
പാടശേഖരത്തിന്‍റെ സിംഹഭാഗവും പ്രദേശത്തെ രണ്ട് ഓട്ടുകമ്പനികള്‍ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. ഈ ഭൂമിയില്‍ നിന്ന്‍ ഒമ്പത് അടിയോളം താഴ്ത്തിയാണു മണ്ണെടുത്തിട്ടുള്ളത്. അഞ്ച് അടി താഴ്ചയില്‍ മാത്രം മണ്ണെടുക്കാന്‍ സര്‍ക്കാര്‍ അനുമതിയുള്ളപ്പോഴാണു മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒമ്പത് അടി താഴ്ചയില്‍ മണ്ണെടുത്തത്.
മണ്ണെടുത്ത കുഴികള്‍ യഥാവിധി നികത്തണമെന്നും സര്‍ക്കാര്‍ നിദ്ദേശമുണ്ട്. ഇതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാ തെ മണ്ണെടുപ്പു നടന്നതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ആര്‍ഡിഒ സ്റ്റോപ്പ് മെമ്മോ നല്‍കി മണ്ണെടുപ്പു നിരോധിച്ചിട്ടുണ്ട്.
എന്നാല്‍ മണ്ണെടുപ്പിനു വീണ്ടും അനുമതി ലഭിക്കുന്നതിനായി മൂന്നു പൂവും കൃഷി ചെയ്തിരുന്ന ഭൂമി തരിശിട്ടിരിക്കുകയാണ്. കൃഷി യോഗ്യമായ സ്ഥലമല്ലെന്നു വരുത്തി തീര്‍ത്തു വീണ്ടും കളിമണ്‍ ഖനനത്തിനുള്ള അനുമതി റവന്യു വകുപ്പില്‍ നിന്നു സമ്പാദിക്കുന്നതിനാണ് ഇതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
പാടശേഖരത്തില്‍ കൃഷി ചെയ്യാതായതോടെ വൈന്തല മേഖലയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. കുട്ടാടം പാടം കൃഷിയോഗ്യമല്ലാത്ത ഭൂമിയാണെന്ന പ്രചാരണം ശക്തമായതോടെ വൈന്തല നെയ്തല്‍ പുരുഷഗണത്തിന്‍റെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു കൃഷിയിറക്കിയിട്ടുണ്ട്. കീടബാധകളൊന്നുമില്ലാതെ വളര്‍ന്ന നെല്‍ച്ചെടികള്‍ മികച്ച വിളവു നല്‍കുമെന്ന പ്രതീക്ഷയിലാണു നെയ്തല്‍ ഭാരവാഹികള്‍.
ഓട്ടുകമ്പനി ഉടമകളുടെ പ്രചരണത്തിനെതിരേ പ്രതിഷേധമായി ആരംഭിച്ച കൃഷിയില്‍ നിന്നു മികച്ച ലാഭം ലഭിക്കുമെന്നും ഇതുവഴി വരും വര്‍ഷങ്ങളില്‍ നിലം ലഭിക്കുന്ന മുറയ്ക്കു കൃഷി വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
തവളക്കണ്ണന്‍, ഓണട്ടന്‍, ചീര, ചെമ്പാവ്, മുത്തിച്ചെമ്പാവ്, കെഴങ്ങന്‍ പൂക്കുല തുട ങ്ങിയ പരമ്പരാഗത വിത്തിന ങ്ങള്‍ ഉപയോഗിച്ച് അടുത്തകാലം വരെ നൂറുമേനി വിളവു കൊയ്തിരുന്ന കുട്ടാടം പാടത്തെ സംരക്ഷിക്കണമെന്നു കേരള സ്റ്റേറ്റ് കര്‍ഷക ത്തൊഴിലാളി യൂണിയന്‍ വൈന്തല യൂനിറ്റ് ആവശ്യപ്പെട്ടു. ഇതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഭാരവാഹികള്‍ ആ വശ്യപ്പെട്ടു

Read more...

Wednesday, February 24, 2010

കരിങ്ങാച്ചിറയില്‍ ദേശാടനപ്പക്ഷികളെത്തി

Buzz It


മാള
 കരിങ്ങാച്ചിറ കോള്‍ നിലങ്ങളില്‍ കൂട്ടമായെത്തിയിട്ടുള്ള പക്ഷികള്‍ കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നു. വ്യത്യസ്ത ഇനങ്ങളിലെ 100കണക്കിനു പക്ഷികളാണു ദൃശ്യ വിരുന്നൊരുക്കി മാള പഞ്ചായത്തിലെ കരിങ്ങാച്ചിറയിലെത്തിയത്. പ്രെഫേറിയോ പ്രെഫേറിയ എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന നീലക്കോഴി മുതല്‍ സൈബീരിയന്‍ കൊക്ക് വരെയുള്ളവര്‍ ഇക്കുട്ടത്തിലുണ്ട്.
വിവിധയിനം എരണ്ടപ്പക്ഷികള്‍, പവിഴക്കാലി, നീര്‍കാക്ക, ചേരക്കോഴി, പൊന്മാന്‍, നാടന്‍ കൊക്കുകള്‍ എന്നിവയെല്ലാം കൗതുകമൊരുക്കുന്നു. തിളങ്ങുന്ന നീല നിറവും ചുവന്ന കൊക്കുകളുമുള്ള നീലക്കോഴിയാണു കൂട്ടത്തിലെ സുന്ദരി. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
എല്ലാ വര്‍ഷങ്ങളിലും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇവ കരിങ്ങാച്ചിറയിലെത്താറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആമ്പല്‍ച്ചെടികള്‍ പൂത്തുനില്‍ക്കുന്ന കോള്‍പ്പാടത്ത് വ്യത്യസ്തയിനം പക്ഷികള്‍ കൂടിയായതോടെ നിരവധി കാഴ്ച്ചക്കാര്‍ ഇവിടേക്ക് എത്തു ന്നുണ്ട്.
...................................................................................................................

തകര്‍ന്നു വീഴാനൊരുങ്ങി തിരുവിതാംകൂറിന്‍റെ പൊലീസ് സ്റ്റേഷന്‍


 
 
 
 
 
 
 
 
 
 
 
 
 
മാള തിരുവിതാംകൂര്‍ നാട്ടു രാജ്യത്തിന്‍റെ അതിര്‍ത്തിയായിരുന്ന പുത്തന്‍ച്ചിറ കരിങ്ങാച്ചിറയിലെ പൊലീസ് സ്റ്റേഷന്‍ കാലപ്പഴക്കത്താല്‍ ജീര്‍ണിക്കുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊലീസ് സ്റ്റേഷന്‍ തകര്‍ന്നു വീഴാറായിട്ടും ഉടമസ്ഥാവകാശമുള്ള പുത്തന്‍ചിറ പഞ്ചായത്ത് സ്റ്റേഷന്‍ സംരക്ഷിക്കാന്‍ നടപടിയൊ ന്നും എടുത്തിട്ടില്ല.
കരിങ്ങാച്ചിറയുടെ പകുതി തിരുവിതാംകൂര്‍ രാജ്യത്തിന്‍റെയും മറുപകുതി കൊച്ചി രാജ്യത്തിന്‍റെയും അധീനതയിലായിരുന്നു. അനധികൃതമായി വസ്തുവകകള്‍ കടത്തിക്കൊണ്ടു പോകുന്നവരെ പിടികൂടാനും, അനധികൃത കൈയേറ്റങ്ങള്‍ തടയാനുമായിരുന്നു കരിങ്ങാച്ചിറയിലെ പൊലീസ് സ്റ്റേഷന്‍.
ഇവിടുത്തെ ലോക്കപ്പ് മുറിയില്‍ നിരവധിപേര്‍ മര്‍ദനമേറ്റു മരിച്ചതായി പഴമക്കാര്‍ പറയുന്നു. പ്രതികളെ മാളച്ചാലിലൂടെ തോണിമാര്‍ഗം വടക്കന്‍ പറവൂരിലെ കോടതിയിലേക്കാണു കൊണ്ടുപോയിരുന്നത്. സ്റ്റേഷനോടു ചേര്‍ന്ന് പൊലീസുകാര്‍ക്കു താമസക്കാന്‍ ക്വാര്‍ട്ടേഴ്സും ഉണ്ടായിരുന്നു. ഇത് ഏതാണ്ടു പൂര്‍ണമായും തകര്‍ന്ന അവസ്ഥയില്‍.
ആരോഗ്യ വകുപ്പിനു വിട്ടുകൊടുത്തിരുന്ന സ്റ്റേഷനില്‍ നേരത്തെ ഹെല്‍ത്ത് സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതും നിര്‍ത്തലാക്കിയതോടെ കെട്ടിടം തീര്‍ത്തും അവഗണനയിലായി. കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പു നാട്ടുകാര്‍ക്കു പേടി സ്വപ്നമായിരുന്ന പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഇന്ന് അധികൃതരുടെ കരുണ കാത്തു കിടക്കുകയാണ്. പൊലീസ് സ്റ്റേഷനും പരിസരവും വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്നു നാട്ടുകാര്‍ പറയുന്നു.

Read more...

Tuesday, February 16, 2010

അറിയൂ, പഴൂക്കരയിലെ പദ്മശ്രീ

Buzz It

Monday, February 15, 2010
പി.കെ.മധു
പോനിശേരില്‍ സോമസുന്ദരന്‍. 2010 ല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗത്തിലെ പദ്മശ്രീ ജേതാവ്. പേരിലൊരു മലയാളിത്തം തോന്നിയപ്പോള്‍ ഇതാരെന്ന് അറിയാന്‍ കൗതുകമായി. സംശയിച്ചപോലെതന്നെ, ആള്‍ മലയാളി. തൃശൂരാണു സ്വദേശം. ഇത്രയും അറിഞ്ഞപ്പോള്‍ വീടു കണ്ടെത്താനുള്ള അന്വേഷണമായി. യാത്ര നിലച്ചത് മാളയ്ക്കടുത്തു പഴൂക്കര എന്ന ഗ്രാമത്തില്‍. വഴിയില്‍ കണ്ടവരോടെല്ലാം തിരക്കി, പദ്മശ്രീ പുരസ്കാര ജേതാവിന്‍റെ വീടേതെന്ന്. അങ്ങനെ ഒരു വീട് ആ ഗ്രാമ ത്തിലുണ്ടെന്ന് അവിടെയാര്‍ക്കും അറിയി ല്ല. ഡോ. പോനിശേരി സോമസുന്ദരനെന്നയാളെ അറിയാമോ എന്ന ചോദ്യത്തിനും മറുപടിയില്ല. പോനിശേരില്‍ കുമാരപിള്ള എന്നയാളുടെ വീടു കാണിച്ചു തന്ന് വഴികാട്ടികള്‍ പിരിഞ്ഞു. പൂമുഖത്തുണ്ടായിരുന്ന സ്ത്രീയോട് അല്‍പ്പം മടിയോടെ, സോമസുന്ദരനെക്കുറിച്ച് അന്വേഷിച്ചു. വഴിതെറ്റിയിട്ടില്ല, പദ്മശ്രീ ജേതാവ് പോനിശേരില്‍ സോമ സുന്ദരന്‍റെ വീട് ഇതു തന്നെയെന്നു മറുപ ടി. അത്ഭുതപ്പെട്ടു, രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഒരാള്‍ സ്വന്തം ഗ്രാമത്തില്‍ അപരിചിതനോ?
എം.ജി. കുമാരപിള്ളയുടെ മകന്‍ എന്നതിലപ്പുറം സോമസുന്ദരനെ ഇന്നാട്ടുകാര്‍ക്കു പരിചയവുമില്ല. അഷ്ടമിച്ചിറ സ്കൂളിലും ആലുവ യുസി കോളെജിലും എറണാകുളം മഹാരാജാസ് കോളെജിലും പഠിച്ച് പദ്മശ്രീ നേടിയ ഒരു മലയാളിയെ ജന്മനാടിന് അറിയില്ലെന്നു പറഞ്ഞാല്‍ അതിലും വലിയ വേദന വേറെയെന്ത് ?
പഴൂക്കര പോനിശേരില്‍ വീട്ടില്‍ എം.ജി. കുമാരപിള്ള സ്വാതന്ത്ര്യ സമരസേനാനിയാ ണ്. ഭാര്യ കെ.പി. ലക്ഷ്മിക്കുട്ടിയമ്മ അധ്യാപിക. ഇവരുടെ മകനാണ് സോമസുന്ദരന്‍. കുമാരപിള്ളയും ലക്ഷ്മിക്കുട്ടിയമ്മയും നേരത്തെ ഈ ലോകം വിട്ടു പോയി.
പഴൂക്കര നായര്‍ സമാജം എല്‍പി സ്കൂള്‍, അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആലുവ യുസി കോളെജില്‍ നിന്നു പ്രീഡിഗ്രി. എറണാകുളം മഹാരാജാസില്‍ ബിരുദ പഠനം. ബിരുദാനന്തര ബിരുദത്തിനായി പിന്നീടു പൂനെയിലേക്കു പോയി. അമ്മാവന്‍ ശങ്കരന്‍കുട്ടി മേനോനൊപ്പമായിരുന്നു അവിടെ താമസം. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവില്‍ നിന്ന് ആദ്യ പുരസ്കാരം ലഭിച്ചു, പഠന മികവി ന്. 2500 രൂപയായിരുന്നു സമ്മാനം. അക്കാഡമിക് മികവിന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയത് അയ്യായിരം രൂപ ഉള്‍പ്പെടുന്ന പുരസ്കാരം.
ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിലേക്കു പോയ സോമസുന്ദരന്‍, 1961ല്‍ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് എംഎസ്, പിഎച്ച്ഡി, ബിരുദാനന്ത ര ബിരുദങ്ങള്‍ കരസ്ഥമാക്കി.
കൊളംബിയ യൂനിവേഴ്സിറ്റിയിലെ സ്കൂള്‍ ഒഫ് എന്‍ജിനിയറിങ് ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ പ്രൊഫസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. ലംഗ്മ്യുയിര്‍ സെന്‍റര്‍ ഫോര്‍ കൊളോ യ്ഡ്സ് ആന്‍ഡ് ഇന്‍റര്‍ഫേസസിന്‍റെ ആദ്യ ഡയറക്റ്ററായി നിയമനം ലഭിച്ചതോടെ ശാസ്ത്രലോകത്ത് അറിയപ്പെട്ടു തുടങ്ങി. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍റെ സ്ഥാപക ഡയറക്റ്റര്‍, കൊളംബിയ യൂനിവേഴ്സിറ്റിയിലെ ഹെന്‍റി ക്രംബ് സ്കൂളില്‍ കെമിക്കല്‍ ആന്‍ഡ് മിനറല്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി, ചൈനയിലെ ബീജി ങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആന്‍ഡ് മെറ്റലര്‍ജിയില്‍ റിസര്‍ച്ച് അഡ്വൈസര്‍, ചൈനീസ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ഓണററി പ്രൊഫസര്‍... ആഗോള ശാസ്ത്ര സമൂഹം പല രീതിയില്‍ അംഗീകരിച്ചു പ്രൊഫസര്‍ സോമസുന്ദരനെ. ആന്‍റണ്‍ എം. ഗൈഡിന്‍ അവാര്‍ഡ്, ആര്‍തര്‍.എഫ്. ടഗാര്‍ട്ട് അവാര്‍ഡ്, പ്രസിഡന്‍റ് ജോര്‍ജ് ബുഷ് സീനിയറില്‍ നിന്ന് എല്ലിസ് ഐലന്‍ഡ് മെഡല്‍ ഒഫ് ഓണര്‍ തുടങ്ങിയ പുരസ്കാരങ്ങളും അതിനുള്ള തെളിവുകള്‍.
പതിനഞ്ചോളം പുസ്തകങ്ങളെഴുതി. നാനൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ തയാറാക്കി. മാള പഞ്ചായത്തിലെ പോനിശേരില്‍ തറവാടിന്‍റെ പേര് സോമസുന്ദര നിലൂടെ ലോകം മുഴുവന്‍ കേട്ടു.
ഭാര്യ ഉഷയ്ക്കും മകള്‍ താമരയ്ക്കുമൊ പ്പം അമേരിക്കയില്‍ താമസമാക്കിയ സോമ സുന്ദരന്‍ എല്ലാ വര്‍ഷവും നാട്ടിലെത്താറു ണ്ട്. അമ്മാവന്‍ ശങ്കരന്‍കുട്ടി മേനോന്‍റെ യും അമ്മായി സരോജിനിയമ്മയുടെയും ഒപ്പം കുറച്ചു ദിവസം താമസിക്കും.
ജനുവരി അഞ്ചിനു സോമസുന്ദരന്‍ നാട്ടിലെത്തി മടങ്ങിയ ശേഷമാണ് പദ്മശ്രീ പ്രഖ്യാപിച്ചത്. അടുത്തമാസം വീണ്ടും നാട്ടിലെത്തുമ്പോള്‍ പഴൂക്കര നിവാസികള്‍ സോമസുന്ദരന് സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ്. പഴൂക്കര എന്‍എസ്എല്‍പി സ്കൂള്‍, അഷ്ടമിച്ചിറ ഗാന്ധിസ്മാരക സ്കൂള്‍, ചാലക്കുടി സികെഎം എന്‍എസ്എസ് സ്കൂള്‍, പോട്ട വ്യാസ വിദ്യാനികേതന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ വിതര ണം ചെയ്യുന്ന സ്കോളര്‍ഷിപ്പ് വാങ്ങിയവര്‍ക്കു പോലും ഇതുവരെ അറിയില്ലായിരുന്നു, പദ്മശ്രീ ജേതാവിന്‍റെ പേരിലുള്ള സ്കോളര്‍ഷിപ്പാണു സ്വീകരിച്ചതെന്ന്. കഴിഞ്ഞതൊക്കെക്കഴിഞ്ഞു ആ പ്രതിഭയെ സ്വീകരിക്കാന്‍ തന്നെയാണു നാടിന്‍റെ തീരുമാനം.

Read more...

കുട്ടാടന്‍പാടം

വിത്തെറിഞ്ഞു
കളപിഴുത്
വിയര്‍പ്പാറ്റിയെടുത്ത
പാടവരമ്പിലൂടെ
ദേശാന്തരങ്ങളിലേക്ക്
അടിമകളായി
നടന്നു പോയ
എന്‍റെ പൂര്‍വ്വികരുടെ
ചരിത്രം

വചനങ്ങള്‍

"കപടസദാചാരത്തിന്റെ സിഫിലിസ് പിടിച്ചു കാല്‍ അകത്തി കവച്ചു നില്‍ക്കുന്ന ഇന്ത്യന്‍ സദാചാരത്തിന്റെ അടിയില്‍ കിടന്നു ഞാന്‍ മേലോട്ട് നോക്കിയിട്ടുണ്ടോ? നോക്കിയിട്ടുമുണ്ട്, കാര്‍ക്കിച്ചു തുപ്പിയിട്ടുമുണ്ട്." -എന്‍ .എന്‍ . പിള്ള ( 'ഞാന്‍' എന്ന ആത്മകഥയില്‍ നിന്ന്)
നന്ദി സുഹൃത്തേ, ഇതുവഴി വന്നതിന്...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP